പഞ്ചാബിലും ദില്ലിയിലും എംഎൽഎമാരുടെ കൂറുമാറ്റ സാധ്യത ഉയർന്നെന്ന ആശങ്കയിൽ തിരക്കിട്ട നടപടികളുമായി ആം ആദ്മി പാർട്ടി രംഗത്ത്. പാർട്ടിയിൽ അസംതൃപ്തരായും ഇടഞ്ഞുനിൽക്കുന്നവരുമായ നേതാക്കളുമായി മുതിർന്ന നേതാക്കൾ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
പാർട്ടി നേതാക്കളായ കെജ്‌രിവാൾ ഉൾപ്പെടെയുള്ളവർ നേരിട്ട് ഇടപെട്ട് സാഹചര്യം നിയന്ത്രിക്കാനാണ് ശ്രമം. എംഎൽഎമാരെ പാർട്ടി പാളയത്തിൽ ഉറപ്പിക്കാൻ കൂടിക്കാഴ്ചകളും ചർച്ചകളും ശക്തമാക്കും.
അതേസമയം, പാർട്ടി വിട്ട എംപിമാരെതിരെയും കർശന നിലപാടാണ് എഎപി സ്വീകരിക്കുന്നത്. രാഘവ് ചദ്ദ ഉൾപ്പെടെയുള്ളവർക്ക് എതിരെ പ്രവർത്തകരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്ത് നൽകുമെന്നും പാർട്ടി അറിയിച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത മാൻ എംഎൽഎമാരുമായി ബന്ധപ്പെട്ട വിഷയത്തിൽ രാഷ്ട്രപതിയെ സമീപിക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ, പഞ്ചാബിൽ രാഷ്ട്രീയ ശക്തി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. എംഎൽഎമാരെ തങ്ങളുടെ പക്ഷത്തേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾക്കൊപ്പം, അഴിമതി ആരോപണങ്ങൾ ഉയർത്തിയും കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും രൂക്ഷമായി വിമർശിച്ചുമാണ് ബിജെപി പ്രതിരോധം ശക്തമാക്കുന്നത്.
