കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ മുറുകുമ്പോൾ, വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി വി.ഡി. സതീശൻ. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡ് നിരീക്ഷകരെ അറിയിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ ഭരണപരിചയം ഒരു മാനദണ്ഡമല്ലെന്നും നേതൃത്വത്തിന് വേണ്ടത് വ്യക്തമായ കാഴ്ചപ്പാടാണെന്നും സതീശൻ വ്യക്തമാക്കി.

ഭരണപരിചയമില്ലാതെ മുഖ്യമന്ത്രി പദത്തിലെത്തി വിജയിച്ച വി.എസ്. അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീശൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, നേതാവിന് ടീം കെട്ടിപ്പടുക്കാനുള്ള കഴിവും കൃത്യമായ വീക്ഷണവുമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ കോൺഗ്രസ് നേരിടുന്ന തിരിച്ചടിക്ക് കാരണം സംഘടനാപരമായ ദൗർബല്യമാണെന്നും, യുവതലമുറയുടെ ഭാഷയിൽ സംസാരിക്കാൻ പാർട്ടിക്ക് സാധിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഹൈക്കമാൻഡ് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെ ഹോട്ടലിൽ എംഎൽഎമാരുമായി വ്യക്തിഗത കൂടിക്കാഴ്ച ആരംഭിച്ചു. ഓരോ എംഎൽഎയുടെയും അഭിപ്രായം തേടിയ ശേഷം നിരീക്ഷകർ റിപ്പോർട്ട് സമർപ്പിക്കും. മുതിർന്ന നേതാക്കളും ഇതിനോടകം നിരീക്ഷകരെ കണ്ട് തങ്ങളുടെ നിലപാടുകൾ അറിയിച്ചിട്ടുണ്ട്.