തമിഴ്‌നാട് നിയമസഭയിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു. ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ നീക്കം നടത്തിയാൽ തങ്ങളുടെ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന കർശന മുന്നറിയിപ്പുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി.

ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടി ടിവികെയുടെ അവകാശവാദം ഗവർണർ തള്ളിയതിന് പിന്നാലെയാണ് രാഷ്ട്രീയ വടംവലി ശക്തമായത്. 234 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ തങ്ങളെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നാണ് ടിവികെയുടെ ആവശ്യം. നിലവിൽ വിജയ് ഉൾപ്പെടെ 108 എംഎൽഎമാരാണ് ടിവികെയ്ക്കുള്ളത്.

കേവലഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണം. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അംഗബലം 113 ആയെങ്കിലും, മാജിക് നമ്പറായ 118 തികയ്ക്കാൻ ടിവികെയ്ക്ക് ഇനിയും 5 പേരുടെ കൂടി പിന്തുണ ആവശ്യമാണ്. കൃത്യമായ പിന്തുണക്കത്ത് ഹാജരാക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ.