കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസിന് ഇതുവരെ അന്തിമ തീരുമാനം എടുക്കാനായിട്ടില്ല. ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ച് നേതൃത്വതല ചർച്ചകൾ തുടരുകയാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ ഘടകകക്ഷികൾക്ക് നിർണായക പങ്കില്ലെന്ന് മുതിർന്ന നേതാവ് എം എം ഹസൻ വ്യക്തമാക്കി.
ദില്ലിയിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഹസന്റെ പ്രതികരണം. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ മുസ്ലിം ലീഗ് അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ഇനി കൂടുതൽ വൈകാൻ പാടില്ലെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി പരിഗണിക്കുന്ന മൂന്ന് നേതാക്കളെക്കുറിച്ചും പാർട്ടിക്ക് വ്യക്തമായ അഭിപ്രായമുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വ്യക്തികൾ മുൻപും മുഖ്യമന്ത്രിയായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയത്തിൽ സ്വാഭാവികമാണെന്നും ഹസൻ കൂട്ടിച്ചേർത്തു. ഹസന്റെ പ്രതികരണത്തോടെ കെസി വേണുഗോപാലിന് അദ്ദേഹത്തിന്റെ പിന്തുണയുണ്ടെന്ന സൂചനകളും ശക്തമായി. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട നിർണായക ചർച്ച ഇന്ന് രാവിലെ 11 മണിക്ക് നടക്കും. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കൂടിക്കാഴ്ചകളിൽ തീരുമാനത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് വീണ്ടും ചർച്ചകൾ തുടരുന്നത്.
