സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ പ്രതികരിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ്‌നെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. ഭരണഘടനാ വിരുദ്ധതയും ബഹുസ്വരത തകർക്കാനുള്ള ശ്രമവുമാണ് ചടങ്ങിൽ വന്ദേമാതരം പൂർണരൂപത്തിൽ അവതരിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് തെറ്റായ നടപടിയാണെന്നും, ബഹുസ്വര സമൂഹത്തിന് യോജിക്കുന്നതല്ലെന്നും സിപിഐഎം ചൂണ്ടിക്കാട്ടി. 1937ൽ ഗാനത്തിലെ ചില ഭാഗങ്ങൾ പ്രത്യേക മതവിശ്വാസങ്ങളെ മാത്രം പ്രതിനിധീകരിക്കുന്നതിനാൽ എട്ട് വരികൾ ഒഴികെ ബാക്കി ഒഴിവാക്കിയിരുന്നുവെന്നും, എന്നാൽ ഇത്തവണ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ ആലപിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു.
ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നില്ലെന്നും, എന്നാൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയ ദിവസം അത് നടന്നു എന്നതാണ് മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയതെന്നും സിപിഐഎം വ്യക്തമാക്കി. മതേതരത്വത്തിനും സാമൂഹിക ഐക്യത്തിനും തിരിച്ചടിയാകുന്ന പ്രവണതകളെ കുറിച്ചുള്ള മുന്നറിയിപ്പാണ് റിയാസ് നൽകിയതെന്നും പാർട്ടി വിലയിരുത്തി.
വന്ദേമാതരം പൂർണമായി ആലപിച്ചതിനെ സ്വാഗതം ചെയ്ത് സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയതായും, റിയാസിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഐഎം ആരോപിച്ചു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും ഒറ്റതിരിഞ്ഞാക്രമണങ്ങൾക്കും എതിരെ ശക്തമായി നിലകൊള്ളുമെന്നും പാർട്ടി വ്യക്തമാക്കി.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും കോൺഗ്രസ് നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും, മതേതരത്വത്തെ ബാധിക്കുന്ന ഏത് നീക്കത്തെയും കേരളം പ്രതിരോധിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
