സത്യപ്രതിജ്ഞാ ചടങ്ങിൽ പേരിനൊപ്പം മേനോൻ എന്ന് ചേ‍ർത്ത വി ‍ഡി സതീശനെ വിമർശിച്ച് എഴുത്തുകാരൻ വിനിൽ പോൾ. അധികാര വേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് വ്യക്തിപരമായ ഇഷ്ടം മാത്രമല്ല സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായാണ് വായിക്കപ്പെടുന്നതെന്നാണ് വിനിൽ പോളിൻ്റെ വിമർശനം.

ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധതയാണ് മുൻപന്തിയിൽ വരേണ്ടതെന്നും ജാതി തിരിച്ചറിയലല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനിൽ പോളിൻ്റെ വിമർ‌ശനം.

ജനാധിപത്യ പുരോഗമന ഇന്ത്യയിൽ ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം ജനങ്ങളോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയുടെ നിമിഷമാണ് അല്ലാതെ ജാതിപ്രഖ്യാപനത്തിന്റെ വേദിയല്ലെന്നും വിനിൽ പോൾ വിമർശിച്ചു. ‘മേനോൻ‘ എന്ന ജാതിനാമം പ്രത്യേകം ഉയർത്തിപ്പറഞ്ഞത് കേരളം ദീർഘകാല സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സമത്വബോധത്തോടുള്ള വെല്ലുവിളിയാണ്/ അല്ലെങ്കിൽ അതൊരു അറിവില്ലായിമയാണ്.

അധികാരവേദിയിൽ ജാതിയെ ആഘോഷിക്കുന്നത് കേരളത്തിന് അപമാനമാണ്. അത്തരം സമൂഹത്തിൽ അധികാരത്തിന്റെ വേദിയിൽ ജാതിപേര് ഉയർത്തിക്കാട്ടുന്നത് പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള വിരുദ്ധ സന്ദേശമാണ്. ഇതിന് സമമായ അശ്ലീലമാണ് ശ്രീകണ്ഠൻ നായരുടെ തമ്മിൽ തമ്മിൽ എന്ന ഷോ. ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജാതി. പ്രസ്തുത വിഷയം ചർച്ചയ്ക്ക് എടുത്താൽ നായരുടെ സീറ്റ് എവിടെ ആയിരിക്കും? നടക്ക് നിൽക്കാൻ യോഗ്യത ഉണ്ടോ? മന്ത്രവാദികളുടെ സീറ്റിൽ ഇരിക്കണോ? എന്നും വിനിൽ പോൾ ചോദിക്കുന്നുണ്ട്.