മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിനെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. കൂളിങ് പിരീഡ് പോലും പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ സമാന വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചിരുന്നുവെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. “വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം” എന്നാണ് ബംഗാളിലെ നിയമനത്തെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചതെന്ന് പറഞ്ഞ അദ്ദേഹം, കേരളത്തിലെ സംഭവത്തിലും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും അതേ നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

അടുത്തിടെ പശ്ചിമ ബംഗാളിൽ ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിച്ചെന്ന ആരോപണം നേരിട്ട ചില ഉദ്യോഗസ്ഥരെ ഉന്നത പദവികളിലേക്ക് നിയമിച്ചതിനെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അതിന് സമാനമായ സംഭവമാണ് കേരളത്തിലും നടക്കുന്നതെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

മുഖ്യമന്ത്രി വി ഡി സതീശൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ വെല്ലുവിളിക്കുകയാണെന്ന ആക്ഷേപവും രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാകുന്നുണ്ട്.

അതേസമയം, രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഐഎം, ഐ.എൻ.എൽ ഉൾപ്പെടെയുള്ള പാർട്ടികളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.