ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി തദ്ദേശ വകുപ്പ് മുൻ മന്ത്രി എം.ബി. രാജേഷ്. ഭവനരഹിതർക്ക് വീട് നൽകാനുള്ള സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഗ്രാമപഞ്ചായത്തുകളാണെന്നും, പഞ്ചായത്തുകൾക്ക് പദ്ധതിയിൽ പങ്കില്ലെന്ന മന്ത്രി കെ.എം. ഷാജിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാർ നേരിട്ട് വിഹിതം നൽകി ഇത്തരമൊരു സമഗ്ര ഭവനപദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017 മുതൽ 2026 വരെയുള്ള കാലയളവിൽ ലൈഫ് മിഷൻ പദ്ധതിക്കായി 21,077 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

ഭവനരഹിതർക്കും ഭൂമിയില്ലാത്തവർക്കും സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷൻ പദ്ധതി ആരംഭിച്ചതെന്നും, പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ സാമൂഹിക പ്രതിബദ്ധതയ്ക്ക് വിരുദ്ധമാണെന്നും എം.ബി. രാജേഷ് വിമർശിച്ചു.