കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പരിഹാസ പോസ്റ്റുമായി മുന്‍മന്ത്രി വി ശിവന്‍കുട്ടി. 'കര്‍ണാടകയില്‍ ഡി കെ.... ഇവിടേം തയ്ച്ചു വെച്ചോ ഒരെണ്ണം, താമസിയാതെ ആവശ്യം വരും'. എന്ന് വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടിയുടെ ട്രോള്‍. കേരളത്തിലും സമാനമായ സംഭവത്തിന് സാധ്യതയുണ്ടെന്നാണ് ശിവന്‍കുട്ടിയുടെ പരോക്ഷമായ സൂചന.

ഏറെ നാളെത്തെ തര്‍ക്കത്തിനൊടുവില്‍ ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്നാണ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. മുഖ്യമന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും സിദ്ധരാമയ്യ രാജിവച്ചിരുന്നില്ല. തുടര്‍ന്ന് പലതവണ ഡികെ ശിവകുമാര്‍ അനുകൂലികള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കണ്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് ഇരുനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ സീറ്റ് സിദ്ധരാമയ്യക്ക് നല്‍കാനും ഡല്‍ഹി കേന്ദ്രീകരിച്ച് പാര്‍ട്ടിയില്‍ ഉന്നത പദവി നല്‍കാമെന്ന ധാരണയും മകനെ ഡികെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്നുള്ള ധാരണയെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്.