യുഡിഎഫ് സർക്കാർ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രം കേന്ദ്ര സർക്കാരിനെ വെള്ളപൂശാൻ വേണ്ടിയുള്ളതാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. സംസ്ഥാനം നേരിടുന്ന യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങൾ എന്താണെന്ന് വ്യക്തമാക്കാൻ ഈ റിപ്പോർട്ടിന് സാധിച്ചിട്ടില്ല.
മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനത്തോളം കേന്ദ്ര വിഹിതം ലഭിക്കുമ്പോൾ കേരളത്തിന് ലഭിക്കുന്ന കേന്ദ്ര വിഹിതം വെറും 25 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. എന്നിട്ടും സർക്കാരിന്റെ നയപ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ ഒരു വരിപോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെയും കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെയും സമരം ചെയ്യാൻ യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ എന്നും തോമസ് ഐസക് ചോദിച്ചു.
സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. പെട്രോൾ വില 100 രൂപയിൽ നിന്ന് 115 രൂപയായി ഉയർന്നു, അത് ഉടൻ തന്നെ 120 രൂപയാകാൻ പോവുകയാണ്. ഇത്തരത്തിൽ വില വർദ്ധിക്കുന്നതിലൂടെ സർക്കാരിന് അധികമായി ലഭിക്കുന്ന 2000 കോടി രൂപയുടെ നികുതി വരുമാനത്തിന്റെ ഒരു ഭാഗമെങ്കിലും ജനങ്ങൾക്ക് ഇളവായി നൽകണം.
നികുതി ഇളവ് ആവശ്യപ്പെടുമ്പോൾ അതിനെ മണ്ടത്തരമെന്ന് വിളിച്ച് തള്ളിക്കളയുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്ക് നികുതി ഇളവ് നൽകുന്നത് മണ്ടത്തരമല്ലെന്നും എൽഡിഎഫ് ഭരണകാലവും ഇന്നത്തെ യുഡിഎഫ് ഭരണകാലവും തമ്മിൽ വലിയ കാല വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
