പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും നേതൃത്വത്തെ പൂർണ്ണമായി തള്ളിക്കൊണ്ട് വൻ പിളർപ്പ്. ആകെയുള്ള ഇരുപത്തിയെട്ടിൽ ഇരുപത് (20/28) തൃണമൂൽ കോൺഗ്രസ് എം.പിമാർ പാർട്ടി ബന്ധം പൂർണ്ണമായി ഉപേക്ഷിച്ച് ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണകക്ഷിയായ എൻഡിഎയുടെ ഭാഗമാകാൻ ഔദ്യോഗികമായി തീരുമാനിച്ചു.
മുതിർന്ന പാർട്ടി നേതാവ് കക്കോലി ഘോഷ് ദസ്തിദാറുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് വിമത എം.പിമാരുടെ ഈ നീക്കം നടന്നിരിക്കുന്നത്. തങ്ങൾ ഇനി മുതൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി പാർട്ടി യുമായുള്ള ബന്ധം പൂർണ്ണമായി വേർപെടുത്തുകയാണെന്നും വ്യക്തമാക്കി ഇരുപത് വിമത എം.പിമാർ ഒപ്പിട്ട കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചു കഴിഞ്ഞു. മമത ബാനർജിയും അഭിഷേക് ബാനർജിയും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിൽ ഉള്ളപ്പോൾ തന്നെയാണ് കേന്ദ്ര ഭരണകൂടത്തെ സാക്ഷിയാക്കി ഈ നിർണ്ണായക അട്ടിമറി അരങ്ങേറിയത്.
കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന അതീവ രഹസ്യ സ്വഭാവമുള്ള യോഗത്തിലാണ് പാർട്ടി പിളർത്താനുള്ള അന്തിമ തീരുമാനം വിമതർ കൈക്കൊണ്ടത്. ഡൽഹിയിലുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും കേന്ദ്രമന്ത്രിയുടെ വസതിയിലെത്തി വിമത എംപിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും തുടർനടപടികൾക്ക് പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.
യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബർധമാൻ പുർബയിൽ നിന്നുള്ള തൃണമൂൽ വിമത എം.പി ശർമ്മിള സർക്കാർ, ഇക്കാര്യം സ്ഥിരീകരിച്ചു. തങ്ങൾ പ്രത്യേക യോഗം ചേർന്നുവെന്നും സഭയിൽ ഇനി മുതൽ തൃണമൂലിൽ നിന്നും മാറി പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്നും അവർ പറഞ്ഞു. തനിക്ക് ദിദിയോട് (മമത ബാനർജി) വലിയ ബഹുമാനമുണ്ട്.
എന്നാൽ ജനങ്ങൾക്കായി പ്രവർത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് സാധിച്ചിരുന്നില്ല. കക്കോലി ദിയുടെ നേതൃത്വത്തിലാണ് ഈ പുതിയ പ്രത്യേക ബ്ലോക്ക് രൂപീകരിച്ചിട്ടുള്ളത്. ഇത് ബംഗാളിന്റെ വികസനത്തിന് വലിയ രീതിയിൽ സഹായിക്കുമെന്നും ശർമ്മിള സർക്കാർ കൂട്ടിച്ചേർത്തു.
