തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടി തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാർ ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഭൂപേന്ദർ യാദവിന്റെ വസതിയിൽ യോഗം ചേർന്നതിന് പിന്നാലെയാണ് കാകോലി ഘോഷ് ദസ്തിദറിന്റെ നേതൃത്വത്തിലുള്ള വിമത സംഘം സ്പീക്കറുടെ വസതിയിലെത്തി നിവേദനം നൽകിയത്.

പാർട്ടിയുടെ മുതിർന്ന നേതാവും ലോക്സഭയിലെ പ്രധാന മുഖങ്ങളിലൊരാളുമായ സുദീപ് ബന്ദോപാധ്യായയും വിമത വിഭാഗത്തോടൊപ്പം സ്പീക്കറെ കാണാനെത്തി. എൻഡിഎ സഖ്യകക്ഷിയായ നാഷനലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി ലയിക്കാനാണ് വിമത എംപിമാരുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

തങ്ങൾക്കൊപ്പം രണ്ട് എംപിമാർ കൂടി ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും, അതോടെ ലോക്സഭയിലെ അംഗബലം 22 ആയി ഉയരുമെന്നും വിമത വിഭാഗം നേതാവ് കാകോലി ഘോഷ് അവകാശപ്പെട്ടു. പുതുതായി ഒപ്പമെത്തുന്ന എംപിമാരുടെ പേരുകൾ ഔദ്യോഗികമായി ഗ്രൂപ്പിൽ ചേർന്നതിന് ശേഷമേ വെളിപ്പെടുത്തുകയുള്ളുവെന്നും അവർ വ്യക്തമാക്കി.