തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് നൽകിയ നിരവധി വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുകയാണെന്ന് ആരോപിച്ച് മന്ത്രി എം.ബി. രാജേഷ് രംഗത്ത്. “ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ” എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിച്ചത്.

വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്മാറി യുവാക്കളെ നിരാശരാക്കിയെന്നും, പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാട് മാറ്റി ജനങ്ങളെ വഞ്ചിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ആദ്യ ബജറ്റിൽ തന്നെ ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നും സർക്കാർ ജീവനക്കാർക്കായി പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞെങ്കിലും അവ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം കടബാധ്യതയിൽ മുങ്ങിയെന്ന വിമർശനം ഉയർത്തിയിരുന്നവർ തന്നെയാണ് ഇപ്പോൾ കൂടുതൽ വായ്പയെടുക്കുന്നതെന്നും, കഴിഞ്ഞ ബജറ്റിനേക്കാൾ ആയിരം കോടി രൂപ അധിക കടം ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. “നിങ്ങളെടുത്താൽ കടം, ഞങ്ങളെടുത്താൽ പണം” എന്ന സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

6.25 ലക്ഷം കോടി രൂപയുടെ നികുതി കുടിശിക പിരിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ശേഷം രണ്ട് ലക്ഷം രൂപ വരെയുള്ള കുടിശികകൾ ഒഴിവാക്കിയതും, സ്വർണ വ്യാപാരത്തിൽ നിന്ന് 15,000 കോടി രൂപ നികുതി സമാഹരിക്കുമെന്ന വാഗ്ദാനം ബജറ്റിൽ കാണാതായതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.ജി.എസ്.ടി വരുമാനത്തിൽ നിന്ന് 25,000 കോടി രൂപ അധികമായി സമാഹരിക്കുമെന്ന പ്രഖ്യാപനവും ബജറ്റിൽ പരാമർശിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ അധിക നികുതി കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും, ഇതിലൂടെ സർക്കാരിന് 1,190 കോടി രൂപയുടെ നേട്ടവും ജനങ്ങൾക്ക് അധിക ഭാരവുമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്ലാൻ ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനത്തിന് വിരുദ്ധമായി ഈ ബജറ്റിൽ 1,534 കോടി രൂപയുടെ കുറവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് എല്ലാ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനം ഒടുവിൽ ഓർഡിനറി സർവീസുകളിലേക്ക് മാത്രമായി ചുരുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതുപോലെ, മദ്യ നികുതിയുമായി ബന്ധപ്പെട്ട നിലപാടുകളിലും വലിയ വൈരുധ്യമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു മാസത്തിനിടെ നിരവധി യു-ടേണുകളാണ് സർക്കാർ നടത്തിയതെന്ന് ആരോപിച്ച എം.ബി. രാജേഷ്, മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് “നിലപാടുകളുടെ രാജകുമാരൻ” ആയിരുന്ന വി.ഡി. സതീശൻ, ഇന്ന് “യു.ടി. സതീശൻ” ആയി മാറിയെന്ന് പരിഹസിച്ചു. വരും മാസങ്ങളിൽ ഇനിയും എത്ര വിസ്മയങ്ങളും നിലപാട് മാറ്റങ്ങളും കാണാനിരിക്കുകയാണെന്നും അദ്ദേഹം ചോദിച്ചു.