എറണാകുളത്ത് നടന്ന ബജറ്റ് ചർച്ചാ പരിപാടിയിൽ യു‍ഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി പി. രാജീവ് രംഗത്തെത്തി. യു‍ഡിഎഫ് സർക്കാർ അവസരവാദികളുടെ കൂട്ടായ്മയാണെന്നും പി.എം. ശ്രീ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.

ഇടതു സർക്കാർ അധികാരം ഒഴിയുമ്പോൾ 29 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വ്യവസായ-സാമ്പത്തിക രംഗത്ത് ഇടതു സർക്കാർ കൈവരിച്ച നേട്ടങ്ങൾ യു‍ഡിഎഫ് അവഗണിക്കുകയാണെന്ന് വിമർശിച്ചു.

ഭാവി വികസനത്തിനായി ക്രിട്ടിക്കൽ മിനറൽ മിഷൻ അനിവാര്യമാണെന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾക്ക് ആവശ്യമായ ധാതുക്കളുടെ പ്രാധാന്യം വളരെ വലുതാണെന്നും പി. രാജീവ് പറഞ്ഞു. ഇത്തരം വിഭവങ്ങൾ ശാസ്ത്രീയമായി ഉപയോഗപ്പെടുത്താനുള്ള നയമാണ് കഴിഞ്ഞ ഇടതു സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സ്വകാര്യ മൂലധനത്തെ മാത്രം ആശ്രയിക്കുന്ന സമീപനമാണ് നിലവിലെ യു‍ഡിഎഫ് സർക്കാരിന്റെ നയമെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന ബജറ്റിൽ പുതിയ ആശയങ്ങളോ ജനക്ഷേമ പദ്ധതികളോ ഇല്ലെന്നും, കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾക്ക് പേര് മാറ്റി അവതരിപ്പിക്കുകയാണ് സർക്കാർ ചെയ്തതെന്നും പി. രാജീവ് വിമർശിച്ചു.

സംസ്ഥാനത്തുടനീളം ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നതെന്നും, സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനക്ഷേമത്തെക്കാൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകിയതെന്ന ആക്ഷേപവും പി. രാജീവ് ഉന്നയിച്ചു.