ബിജെപി ഭരണത്തിന് കീഴിൽ തിരുവനന്തപുരം നഗരസഭ പൂർണ്ണമായും ഭരണസ്തംഭനത്തിലേക്കും അഴിമതിയിലേക്കും കൂപ്പുകുത്തിയെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം വി. ശിവൻകുട്ടി. ജനജീവിതം ദുസ്സഹമാക്കുന്ന ഭരണപരാജയത്തിനെതിരെ എൽഡിഎഫ് നിരന്തരമായ സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ, അതിനെ ദുർബലപ്പെടുത്താൻ യുഡിഎഫ് ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

നിലവിലെ ഭരണപരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ യുഡിഎഫ് നടത്തുന്ന നാടകങ്ങളുടെ ഭാഗമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അവിശ്വാസ പ്രമേയ നീക്കമെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ച മട്ടാണ്. തെരുവുവിളക്കുകൾ കത്തുന്നില്ല, തെരുവുനായ ശല്യം രൂക്ഷമാണ്, മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനങ്ങളും താറുമാറായി കിടക്കുന്നു. സാധാരണക്കാർക്ക് ലഭിക്കേണ്ട ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനെല്ലാം പുറമെ കാപ്പ കേസിൽ പ്രതിയായി ജയിലിലായ ബിജെപി കൗൺസിലർക്ക് അയോഗ്യത വരാതിരിക്കാൻ വ്യാജരേഖകൾ ചമയ്ക്കുന്നതടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന കേന്ദ്രമായി നഗരസഭ മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.


അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ അംഗബലം കൗൺസിലിൽ യുഡിഎഫിന് ഇല്ലെന്ന് അവർക്ക് തന്നെ നന്നായറിയാം. എന്നിട്ടും ഇത്തരമൊരു നീക്കവുമായി വരുന്നത് ബിജെപിയെ രക്ഷിക്കാനുള്ള വ്യക്തമായ ‘ഡീലിന്റെ’ ഭാഗമായാണ്. എൽഡിഎഫ് നടത്തുന്ന ജനകീയ സമരങ്ങളെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ ബിജെപിയുടെ ബി ടീമായി യുഡിഎഫ് അധഃപതിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും ജനങ്ങളെ ദ്രോഹിക്കുന്ന ഭരണസമിതിക്കെതിരെ എൽഡിഎഫ് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.