രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറ്റങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ആശാ വർക്കർമാർ. തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ഭരണസമിതികളുള്ള പ്രദേശങ്ങളിൽ രാഷ്ട്രീയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് ആശാ വർക്കർമാരെ സ്ഥലംമാറ്റുന്നതെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്.

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ 17 വർഷമായി ആശാ വർക്കറായി സേവനം അനുഷ്ഠിച്ചുവരുന്ന ലേഖാ സുധാകരനെ അഞ്ചു കിലോമീറ്ററിലധികം അകലെയുള്ള പുതുതായി രൂപീകരിച്ച ഏഴാം വാർഡിലേക്ക് മാറ്റിയ സംഭവമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മഹിളാ കോൺഗ്രസ് നേതാവിന് അവസരം ഒരുക്കുന്നതിനായാണ് ഈ സ്ഥലംമാറ്റമെന്നാണ് ആരോപണം.

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ഭരണസമിതികളുള്ള പ്രദേശങ്ങളിൽ സമാനമായ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായും ആശാ വർക്കർമാർ ആരോപിക്കുന്നു. സേവന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന തൊഴിലാളികളെ രാഷ്ട്രീയ പരിഗണനകളുടെ അടിസ്ഥാനത്തിൽ മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്.

അതേസമയം, തെരഞ്ഞെടുപ്പ് വേളയിൽ ആശാ വർക്കർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന പരാതിയും ശക്തമാണ്. പ്രതിമാസം 21,000 രൂപ സ്ഥിരവേതനം, കുടിശ്ശികയില്ലാത്ത ഇൻസെന്റീവ് വിതരണം, സർക്കാർ ജീവനക്കാർക്ക് സമാനമായ സാമൂഹിക സുരക്ഷയും പെൻഷനും, ജോലിഭാരത്തിന് അനുസരിച്ചുള്ള പ്രതിഫലം, യാത്രാ അലവൻസ്, സുരക്ഷാ സംവിധാനങ്ങൾ, ക്ഷേമ ആനുകൂല്യങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ലെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.

ഈ സാഹചര്യത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെയും രാഷ്ട്രീയ പകപോക്കൽ നടപടികൾക്കെതിരെയും ശക്തമായ പ്രതിഷേധ സമരത്തിന് ആശാ വർക്കർ ഫെഡറേഷൻ (സിഐടിയു) ഒരുങ്ങുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളും സേവന സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തിയാണ് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.