വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ നടപടികൾ കരാറിലെ കടുത്ത നിബന്ധനകൾ പാലിക്കാതെയാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും, "പോർട്ടിന്റെ ഓഹരിയല്ല കൈമാറുന്നത്" എന്ന മുഖ്യമന്ത്രിയുടെ വാദം എന്താണ് അർഥമാക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥത്തിൽ അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിയാണ് കൈമാറുന്നതെന്ന് ചൂണ്ടിക്കാട്ടിയ തോമസ് ഐസക്, പുതിയ സിഇഒ ചുമതലയേൽക്കുമ്പോഴേ വിവരം അറിയൂ എന്ന വിശദീകരണം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. എം.എസ്.സി പോലൊരു വലിയ കമ്പനി എത്തുന്നതിൽ എതിർപ്പില്ലെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലാണ് തങ്ങളുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തുറമുഖം ഉൾപ്പെടെ മൂന്ന് പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ളതെന്നും, അത്തരമൊരു സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് അറിവില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും തോമസ് ഐസക് വിമർശിച്ചു. നിലവിൽ നടക്കുന്ന നടപടികൾ തുറമുഖ കരാറുകളുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ പോയി അദാനിയെ കണ്ടതിന്റെ പശ്ചാത്തലവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട തോമസ് ഐസക്, വിഴിഞ്ഞം വിഷയത്തിൽ സർക്കാരിന്റെ നിലപാട് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നതായും അഭിപ്രായപ്പെട്ടു.