ജമ്മു കശ്മീരിലെ ജനാധിപത്യ-ഭരണഘടനാ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും സംസ്ഥാന പദവി തിരിച്ചുകിട്ടുന്നതിനുമായി വിശാല ജനകീയ ഐക്യവും തുടർച്ചയായ പോരാട്ടവും അനിവാര്യമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബാസ് റാത്തർ പറഞ്ഞു. ജൂലൈ 13 രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1931-ൽ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച റാത്തർ, ആ ദിനത്തിന്റെ ചരിത്രപ്രാധാന്യം അവധി റദ്ദാക്കിയതിലൂടെ മായ്ച്ചുകളയാനാകില്ലെന്ന് പറഞ്ഞു. മസാർ-ഇ-ഷോഹ്ദ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കു മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും അദ്ദേഹം വിമർശിച്ചു.

2019 ഓഗസ്റ്റ് 5ന് ശേഷം ഭൂമി, തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നതായും ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ തൊഴിൽ അവസരങ്ങൾ വർധിക്കുമെന്ന വാഗ്ദാനങ്ങൾ യാഥാർഥ്യമായില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമപാലക ഏജൻസികളുടെ നടപടികൾ ജനങ്ങളിൽ അവിശ്വാസം വർധിപ്പിക്കുന്നതായും നിരവധി പേർ വിചാരണ കൂടാതെ ജയിലുകളിൽ കഴിയുന്നതായും റാത്തർ ചൂണ്ടിക്കാട്ടി.

2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ വ്യക്തമായ ജനവിധി പോലും വേണ്ടത്ര മാനിക്കപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥ കേന്ദ്രീകൃത ഭരണസംവിധാനം പൊതുസേവന വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ, ഭൂമി-തൊഴിൽ അവകാശങ്ങളുടെ സംരക്ഷണം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് നിർണായക വിഷയങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ റാത്തർ, ജനക്ഷേമത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമായി വിശാലമായ ഐക്യവും സമരവുമാണ് മുന്നോട്ടുള്ള ഏക മാർഗമെന്നും വ്യക്തമാക്കി. രക്തസാക്ഷികൾക്ക് യഥാർത്ഥ ആദരാഞ്ജലി അർപ്പിക്കേണ്ടത് ജനങ്ങളുടെ മെച്ചപ്പെട്ട ഭാവിക്കായുള്ള പോരാട്ടം തുടരുന്നതിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.