മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ 10,000 കോടി രൂപയുടെ ടാറ്റ നിക്ഷേപ പരാമർശം വിവാദമായതോടെ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും, ഒരു കമ്പനിയുമായി അന്തിമ നിക്ഷേപ കരാർ ഉറപ്പിച്ചതായി അദ്ദേഹം പറഞ്ഞിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.
മിഷൻ സമുദ്രയുടെ ഭാഗമായി കേരളത്തെ കപ്പൽ നിർമാണ-സമുദ്ര വ്യവസായ മേഖലയിലെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ദീർഘകാല കാഴ്ചപ്പാടാണ് മുഖ്യമന്ത്രി പങ്കുവെച്ചതെന്നും, വിവിധ നിക്ഷേപകരിലൂടെ ഭാവിയിൽ ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപ സാധ്യതയെയാണ് 10,000 കോടി രൂപയായി പരാമർശിച്ചതെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ടാറ്റ ഗ്രൂപ്പ് തന്നെ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തിലോ നിലവിൽ കപ്പൽ നിർമാണശാലയ്ക്കായി നിക്ഷേപം ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് വിവാദം ശക്തമായത്. ടാറ്റയുടെ പ്രതികരണം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം ഉൾപ്പെടെ വിമർശനം ശക്തമാക്കിയിരുന്നു.
ഇതോടെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു പ്രത്യേക കമ്പനിയുടെ ഉറപ്പായ നിക്ഷേപ പ്രഖ്യാപനമായി കാണേണ്ടതല്ലെന്നും, സംസ്ഥാനത്തിന്റെ നിക്ഷേപ ആകർഷണ ലക്ഷ്യത്തെക്കുറിച്ചുള്ള പൊതുവായ പരാമർശമായിരുന്നുവെന്നുമാണ് സർക്കാർ നിലപാട്.
