തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന പൊതിച്ചോറ് വിതരണം ലോക റെക്കോർഡിന് തുല്യമായ സന്നദ്ധ പ്രവർത്തനമാണെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ദിവസേന നാലായിരത്തോളം ആളുകൾക്ക് ഭക്ഷണം നൽകുന്ന പ്രവർത്തനത്തെ പ്രശംസിച്ച അദ്ദേഹം, ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശത്തിൽ നിന്ന് പിന്മാറുക മാത്രമല്ല, ഖേദം പ്രകടിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
സാമൂഹിക സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഭീഷണിപ്പെടുത്തരുതെന്നും ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബസ്വത്തല്ലെന്നും ശിവൻകുട്ടി വിമർശിച്ചു. ആശുപത്രികളിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് മന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ചിത്രം ഉൾപ്പെടുത്തിയ ഫ്ലക്സും "അന്നം മുടക്കികൾ കടക്കുപുറത്ത്" എന്ന മുദ്രാവാക്യമുള്ള ബാനറും സ്ഥാപിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തിയത്. ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. വി. ശിവൻകുട്ടി നേരിട്ടെത്തിയാണ് ഭക്ഷണ വിതരണം നിർവഹിച്ചത്.
