നീറ്റ് പരീക്ഷയിലെ സുതാര്യത ഉറപ്പാക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ട പരമോന്നത കോടതി രാജ്യത്തിന്റെ ആശങ്കകൾക്ക് നീതി നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന വിദ്യാർഥികളുടെയും സി.ജെ.പിയുടെയും ആവശ്യങ്ങളിൽ ചീഫ് ജസ്റ്റിസ് അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനാധിപത്യ പ്രതിഷേധങ്ങളെ അവഗണിക്കുന്ന സമീപനം ആശങ്കാജനകമാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഡൽഹി ജന്തർമന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കൂടുതൽ ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് വിദ്യാർഥികളും യുവാക്കളും നടത്തിയ മാർച്ചിന് നേരെ ഡൽഹി പൊലീസ് ബലപ്രയോഗം നടത്തിയെന്ന ആരോപണവും പ്രതിഷേധവും തുടരുകയാണ്.

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയെ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അപലപിച്ചു. പ്രതിഷേധക്കാരെ നേരിട്ട അതിക്രമം ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്നുമാണ് ഉയരുന്ന ആവശ്യം.