ദില്ലിയിൽ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ദില്ലി ചലോ’ സമരയാത്ര സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അറിയിച്ചു. നാളെ രാവിലെ കേരളത്തിൽ നിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ ദില്ലിയിലേക്ക് യാത്ര തിരിക്കുമെന്നും ആദ്യഘട്ടത്തിൽ ആയിരം പ്രവർത്തകർ സമരത്തിന്റെ ഭാഗമാകാൻ ദില്ലിയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 27-നാണ് സംഘം ദില്ലിയിലെത്തി പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുക.
സമരയാത്രയ്ക്ക് മുന്നോടിയായി നാളെ തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ ഏകദിന സമരം സംഘടിപ്പിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടി സിപിഐഎം ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. സമരം നടത്തുന്നവർക്കെതിരെ കേന്ദ്രസർക്കാർ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുകയാണെന്നും, പ്രതിഷേധക്കാരെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയാണെന്നും വി.കെ. സനോജ് ആരോപിച്ചു.
കേരളത്തിലെ സിനിമാതാരങ്ങളും സാംസ്കാരിക പ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടൻ ടോവിനോ തോമസിന്റെ വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അദ്ദേഹത്തെ ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നും സനോജ് വിമർശിച്ചു. ഇത്തരം സമ്മർദ്ദങ്ങളോ ഭീഷണികളോ കൊണ്ട് ആരെയും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്നും, അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തെ പിന്തുണയ്ക്കുന്നത് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ഉത്തരവാദിത്തമാണെന്നും സനോജ് പറഞ്ഞു. അതേസമയം, എസ്എഫ്ഐ നാളെ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്കിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.
