രാജ്യവ്യാപകമായി പുറത്തുവന്ന പരീക്ഷാ ക്രമക്കേടുകൾ, നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം, ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നേരെയുണ്ടായ പൊലീസ് നടപടികൾ എന്നിവ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം എംപിമാർ രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി, എ.എ. റഹീം എംപി, ഡോ. വി. ശിവദാസൻ എംപി എന്നിവർ നോട്ടീസ് സമർപ്പിച്ചത്.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിതല ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സമീപനത്തിനെതിരെയും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.

ഇതിനിടെ, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസവും ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം ശക്തമാകാനാണ് സാധ്യത. വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് ശേഷമേ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് സാഹചര്യമുണ്ടാകൂ എന്ന നിലപാടിലാണ് പ്രതിപക്ഷ കക്ഷികൾ.

സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നലെ ഗാന്ധി സ്മൃതി മണ്ഡപത്തിലേക്ക് മാർച്ച് നടത്തിയ പ്രതിപക്ഷ എംപിമാർ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അർദ്ധരാത്രിയിൽ സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയ്ക്കും കൗതുകത്തിനും ഇടയാക്കിയിരിക്കുകയാണ്. സമ്മേളനം പുരോഗമിക്കുമ്പോൾ കേന്ദ്രസർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ കടുപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.