കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യയാത്രാ പദ്ധതിയിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സിപി ജോണിന്റെ പരാമര്‍ശത്തിനെതിരെ മുന്‍ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നെന്നും മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ഗണേഷ് കുമാര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.


'വെറുതെയിരുന്ന സ്ത്രീകളോട് അധികാരത്തില്‍ വന്നുകഴിഞ്ഞാല്‍ എവിടെ വേണമെങ്കിലും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും പോകാം എന്ന് പറഞ്ഞു വോട്ട് പിടിക്കുക, കാര്യം നടന്നുകഴിഞ്ഞപ്പോള്‍ നാമമാത്രമായ ബസുകളില്‍ മാത്രം സൗജന്യയാത്ര ചെയ്‌തോളൂ എന്ന് പറയുക. എന്നിട്ട് ആ ബസുകളില്‍ സൗജന്യയാത്ര ചെയ്യുമ്പോള്‍ പൈസ ഉണ്ടെങ്കിലും സൗജന്യമായത് കൊണ്ട് തള്ളിക്കയറുന്നു എന്നുപറഞ്ഞു സ്ത്രീകളെ അധിക്ഷേപിക്കുക. സൗജന്യത്തിന് വേണ്ടി ദാരിദ്ര്യം അഭിനയിക്കുകയാണെന്ന് പറയുകയും ചെയ്യുന്നു'- ഗണേഷ് കുമാര്‍ കുറിപ്പില്‍ പറയുന്നു.