കേരള സർവകലാശാലയിലെ കാവിവൽക്കരണ ശ്രമങ്ങളെ തടഞ്ഞത് എൽ.ഡി.എഫ് സർക്കാരാണെന്നും എന്നാൽ നിലവിലെ യു.ഡി.എഫ് സർക്കാർ അതിനെതിരെ നട്ടെല്ല് വളച്ച് മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.

വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സർക്കാർ പലതവണ നിയമപോരാട്ടം നടത്തിയെങ്കിൽ, യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് പൂർണ്ണമായി നിലച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. കേരളം ഇതുവരെ ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. സംഘപരിവാറിന്റെ ബി ടീമായി യുഡിഎഫ് സർക്കാർ മാറുന്നു. മുൻപ് ഇത് അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.