സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണ രീതിയിൽ നിർണായക മാറ്റവുമായി സർക്കാർ. ഇനി മുതൽ ഭൂരിഭാഗം ഗുണഭോക്താക്കൾക്കും ക്ഷേമപെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കില്ല. സഹകരണ ബാങ്കുകൾ മുഖേന നടത്തിയിരുന്ന പെൻഷൻ വിതരണ സംവിധാനം അവസാനിപ്പിച്ച് തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന രീതിയിലേക്ക് സർക്കാർ മാറുന്നു.

ഇത് സംബന്ധിച്ച ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറത്തിറക്കി. കേന്ദ്ര സർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് പുതിയ തീരുമാനമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ വയോജനങ്ങൾ ഉൾപ്പെടെയുള്ള ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്ക് ജീവനക്കാർ നേരിട്ട് വീടുകളിൽ എത്തിച്ച് പെൻഷൻ കൈമാറുന്ന സംവിധാനം അവസാനിക്കും. കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് മാത്രമായിരിക്കും ഇനി വീട്ടിലെത്തി പെൻഷൻ വിതരണം ചെയ്യുക.

മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനകീയ പദ്ധതികളിലൊന്നായ വീട്ടിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന സംവിധാനം ഇതോടെ അവസാനിക്കുകയാണ്. സഹകരണ സംഘങ്ങൾ വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി ഇൻസെന്റീവ് ഇനത്തിൽ അധിക ചെലവ് വരുന്നതും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡി.ബി.ടി മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ നിലവിലെ രീതിയിൽ ബുദ്ധിമുട്ടുണ്ടാകുന്നതുമാണ് മാറ്റത്തിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പ്രായമായ ഗുണഭോക്താക്കൾക്കും ബാങ്കുകളിലെത്താൻ ബുദ്ധിമുട്ടുള്ളവർക്കും പുതിയ തീരുമാനം തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. വീടുകളിൽ എത്തി പെൻഷൻ ലഭിച്ചിരുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി ബാങ്ക് അക്കൗണ്ടുകളെ ആശ്രയിക്കേണ്ട സാഹചര്യമാണുണ്ടാകുന്നത്.

സർക്കാരിന്റെ പുതിയ ഉത്തരവ് ക്ഷേമപെൻഷൻ വിതരണത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമ്പോൾ, ഗുണഭോക്താക്കൾക്ക് ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ചർച്ചയും ശക്തമാകുകയാണ്.