സഹകരണ ബാങ്കുകൾ വഴി ഗുണഭോക്താക്കളുടെ വീടുകളിലെത്തി ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന രീതി അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന് മാതൃകയായ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനത്തെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാവപ്പെട്ടവരുടെ കൈകളിലേക്ക് നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയ പദ്ധതിയാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സഹകരണ സംഘങ്ങൾ വഴിയുള്ള വാതിൽപ്പടി പെൻഷൻ വിതരണം നിർത്തലാക്കുന്നത്, പെൻഷൻ പദ്ധതി തന്നെ ക്രമേണ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണെന്നും പിണറായി വിജയൻ പറഞ്ഞു.
ഡി.ബി.ടി സംവിധാനത്തിന് പുറത്തായി വീട്ടിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിഭാഗവും അടിസ്ഥാന വിഭാഗങ്ങളിൽ നിന്നുള്ളവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാത്ത വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യസുരക്ഷാ പെൻഷൻ ഒരു അവകാശമല്ല, സർക്കാരിന്റെ ഔദാര്യമാണെന്ന വലതുപക്ഷ സമീപനത്തിന്റെ പ്രതിഫലനമാണ് പുതിയ ഉത്തരവെന്നും അദ്ദേഹം വിമർശിച്ചു. ഉത്തരവ് ഉടൻ പിൻവലിച്ച് ആവശ്യമായ മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
