സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വന്ദേമാതരം മുഴുവനായും ആലപിക്കേണ്ടതില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും ഇന്ത്യ മുന്നണിയുടെ നിലപാട് തന്നെയാണ് സംസ്ഥാനത്തും സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെക്കുറിച്ച് തനിക്ക് വിശദമായി അറിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറക്കിയത്. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ള നിർദേശം.

അതേസമയം, വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും ആലപിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ മുന്നണിയിലെ പല കക്ഷികളും മുൻപ് സ്വീകരിച്ചിരുന്നത്. പുതിയ സർക്കാർ ഉത്തരവിനെ തുടർന്ന് വിഷയത്തിൽ രാഷ്ട്രീയ ചർച്ചകൾ സജീവമായിരിക്കുകയാണ്.