കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. ഇ20 പെട്രോളിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ കാരണം ജനങ്ങൾ പുതിയ പെട്രോൾ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്മാറുകയാണെന്നും, ഇതുമൂലം വാഹന ഡീലർഷിപ്പുകളിൽ വലിയ തോതിൽ ഇൻവെന്ററികൾ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ സാഹചര്യം രാജ്യത്തിന്റെ വാഹന വിപണിയെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കേന്ദ്ര സർക്കാർ എഥനോൾ മിശ്രിത ഇന്ധന നയം പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു.
ഇ20 പെട്രോളിനെതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്ന 2.38 ലക്ഷം പേരുടെ നിവേദനങ്ങളുമായി ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എഎപി നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിന് നേതൃത്വം നൽകിയത് കെജ്രിവാളായിരുന്നു. ഫിറോസ് ഷാ റോഡിന് സമീപം ഡൽഹി പോലീസ് പ്രതിഷേധ സംഘത്തെ തടഞ്ഞതിനെ തുടർന്ന് നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് നിവേദനങ്ങൾ പോലീസ് മുഖേന പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതായി കെജ്രിവാൾ അറിയിച്ചു.
ജനങ്ങൾക്ക് മേൽ ഇ20 പെട്രോൾ നിർബന്ധിതമാക്കുന്നതിന് പകരം, സാധാരണ പെട്രോളും ഇ20 പെട്രോളും തമ്മിൽ തിരഞ്ഞെടുക്കാനുള്ള അവസരം ഇന്ധന പമ്പുകളിൽ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇ20 പെട്രോൾ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ, അത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ കോടിക്കണക്കിന് വാഹന ഉടമകൾക്ക് ഇ20 ഇന്ധനം ഉപയോഗിക്കുന്നതിലൂടെ എഞ്ചിൻ സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും കെജ്രിവാൾ ആരോപിച്ചു.
ഇ20 പെട്രോൾ വിഷയത്തെ വിവിധ സംസ്ഥാന നിയമസഭകളിലും ഉയർത്തിക്കൊണ്ടുവരുമെന്ന് എഎപി നേതൃത്വം അറിയിച്ചു. ഇതിനകം പഞ്ചാബ് നിയമസഭ കേന്ദ്ര നയത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഗോവ, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ എഎപി എംഎൽഎമാരും സമാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കി രാജ്യവ്യാപക ബഹുജന പ്രസ്ഥാനമായി മാറ്റുമെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി.
