തനിക്കെതിരായ വാർത്തകൾ മെറ്റയുടെ സഹായത്തോടെ നീക്കം ചെയ്യുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പിഎ മുഹമ്മദ് റിയാസ്. എംഡിഎംഎ കേസിൽ പിടിയിലായ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും അടുത്ത വൃത്തങ്ങളുമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വി.ഡി. സതീശൻ രാഷ്ട്രീയ ഭീരുവായി മാറിയിരിക്കുകയാണെന്നും, തൂഫാൻ വിഷയത്തിൽ കോൺഗ്രസ് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊരു നിയമവും എന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എംഡിഎംഎയുമായി പിടിയിലായവർ സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നും, ഇവർ മുഖ്യമന്ത്രിയുടെ വസതിയിലെ സ്ഥിരം സന്ദർശകരായിരുന്നുവെന്ന തരത്തിലുള്ള തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കാസർഗോഡ് പിടിയിലായ ലഹരിക്കടത്ത് സംഘത്തിലെ പ്രതികളുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു. പിടിയിലായ ഹുസൈൻ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററാണെന്നും, അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.