രാജ്യസഭയിൽ ബിജെപി എംപി സുഷ്മിത ദേബ് നടത്തിയ ‘ലുങ്കി വാലാ’ പരാമർശം രാഷ്ട്രീയ വിവാദമായി. കേരളത്തെയും ദക്ഷിണേന്ത്യയെയും അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് ആരോപിച്ച് വിവിധ കേരള എംപിമാർ രംഗത്തെത്തി.
പരാമർശം ബിജെപിയുടെ കേരളവിരുദ്ധ സമീപനത്തിന്റെ തെളിവാണെന്ന് എ.എ. റഹീം എംപി പറഞ്ഞു. രാജ്യത്തെ ഭാഷ, സംസ്കാരം, വേഷം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ എംപിമാരും വിഷയത്തിൽ ഒരുമിച്ച് നിലകൊണ്ടതായി വി. ശിവദാസൻ എംപി പറഞ്ഞു. ഡോ. ജോൺ ബ്രിട്ടാസിനെതിരായ പരാമർശം കേരള ജനതയോടുള്ള അവഹേളനമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തോട് ബിജെപി തുടരുന്ന വിവേചനപരമായ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് ജോസ് കെ. മാണിയും ആരോപിച്ചു.
യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട ബിൽ രാജ്യസഭയിൽ ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഡോ. ജോൺ ബ്രിട്ടാസ് പ്രസംഗിക്കുമ്പോൾ നടത്തിയ പരാമർശം സഭയിൽ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് വിഷയം സഭയിൽ ഉയർന്നതോടെ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പ്രതിഷേധവും ഉണ്ടായി.
