എംഡിഎംഎ കേസിൽ കാസർഗോഡിൽ അറസ്റ്റിലായ പ്രതികളുമായി പരിചയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മതിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും വ്യക്തിപരമായി അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മുഹമ്മദ് ഹുസൈൻ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്നും പാർട്ടിക്കായി സമരങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും സതീശൻ പറഞ്ഞു.
നവകേരള സദസുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റപ്പോഴാണ് മുഹമ്മദ് ഹുസൈനുമായി ആദ്യമായി ബന്ധപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച ശേഷമാണ് പിന്നീട് നേരിൽ കാണുന്നതും വീട്ടിലെത്തുന്നതും. “പൊലീസ് മർദനത്തിൽ പരിക്കേറ്റ ഒരാളെന്ന നിലയിലാണ് അദ്ദേഹത്തെ സന്ദർശിച്ചത്. ഒരു പൊതുപരിപാടിക്കിടെ വീട്ടിൽ കയറി കാണുകയും ചെയ്തിട്ടുണ്ട്. പല തവണ അദ്ദേഹം നേരിൽ വന്ന് കണ്ടിട്ടുമുണ്ട്,” സതീശൻ പറഞ്ഞു.
അതേസമയം, അറസ്റ്റിലാകുന്നതുവരെ ലഹരി ഇടപാടുകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന വിവരം തനിക്കോ പാർട്ടിക്കോ അറിയില്ലായിരുന്നുവെന്നും സതീശൻ കൂട്ടിച്ചേർത്തു.
വന്ദേമാതരം വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശം സംസ്ഥാനത്തേക്ക് ഫോർവേഡ് ചെയ്തതാണെന്നും, സർക്കാർ സ്വീകരിക്കുന്ന നിലപാട് ഓഗസ്റ്റ് 15-ന് വ്യക്തമാകുമെന്നും പറഞ്ഞു. വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദ്ദേശം കേന്ദ്രത്തിൽ നിന്നുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മെറ്റ സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ സർക്കാർ വിരുദ്ധ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിലും സതീശൻ പ്രതികരിച്ചു. പോസ്റ്റുകൾ നീക്കം ചെയ്യുന്നതിൽ തനിക്കോ ഓഫീസിനോ യാതൊരു പങ്കുമില്ലെന്നും, സ്വന്തം പേജുമായി ബന്ധപ്പെട്ട പരാതികൾ പോലും പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്ഥാപനങ്ങൾ പരാതി നൽകിയാൽ അതിനൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാണെന്നും സതീശൻ വ്യക്തമാക്കി.
