മുഖ്യമന്ത്രി വി.ഡി. സതീശൻ ആർഎസ്എസിനും സംഘപരിവാറിനും പൂർണമായും കീഴടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. വന്ദേമാതരം ചൊല്ലുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

വന്ദേമാതരം പൂർണമായി പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമർശം നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വന്ദേമാതരം ആലപിക്കുമ്പോൾ തടസപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യരുതെന്നാണ് നിയമത്തിൽ പറയുന്നതെന്നും, മുഴുവൻ ഗാനം നിർബന്ധമായും പാടണമെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് തന്നെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് നടപടികളെന്ന് മുഖ്യമന്ത്രി പറയുന്നുവെങ്കിൽ, മുഖ്യമന്ത്രിയുടെ അറിവില്ലാതെയാണോ അത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അതിനായി ഇല്ലാത്ത നിയമങ്ങൾ പോലും കൂട്ടുപിടിക്കുകയാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

പിഎംഎവൈ അർബൻ പദ്ധതി ഉൾപ്പെടെയുള്ള കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്ന രീതിയെയും അദ്ദേഹം വിമർശിച്ചു. വീടുകൾക്ക് മുന്നിൽ പദ്ധതിയുടെ പേരിൽ അടയാളപ്പെടുത്തുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എംഡിഎംഎ കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നിരവധി നുണകൾ പറഞ്ഞുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. നവകേരള സദസിനിടെ ആദ്യമായാണ് പ്രതിയെ കണ്ടതെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളിക്കൊണ്ട്, 2021-ൽ തന്നെ പ്രതിയുമായി ചേർന്നുള്ള നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർമാർ ഇല്ലെന്നും സോഷ്യൽ മീഡിയ ടീം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണെന്നും, ബന്ധപ്പെട്ട വ്യക്തി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ തന്നെ ആ ബന്ധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോഷ്യൽ മീഡിയയിൽ അടിയന്തരാവസ്ഥ നടപ്പാക്കുന്ന സാഹചര്യമാണുള്ളതെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന വാർത്തകളും കാർഡുകളും വ്യാപകമായി നീക്കം ചെയ്യപ്പെടുകയാണെന്നും, മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വാർത്തകളും വിമർശനങ്ങളും മാത്രം ലക്ഷ്യമിട്ട് നീക്കം ചെയ്യപ്പെടുമ്പോൾ, മറ്റ് വിദ്വേഷപരമായ ഉള്ളടക്കങ്ങൾ തുടരുന്നതും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിമർശന ശബ്ദങ്ങളെ ഭീഷണിപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ കേരള സമൂഹം അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.