രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എ.കെ.ജി സെന്ററിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, സവർക്കറുടെ നിലപാടുകളും പ്രവർത്തനങ്ങളും ചരിത്രം വിലയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇത്തരം ശക്തികൾ ഭരണത്തിലിരിക്കുന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ മതനിരപേക്ഷത, സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ മൂല്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ മാസ്റ്റർ, വർഗീയതയ്ക്കെതിരെ ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണുള്ളതെന്നും പറഞ്ഞു. വരും നാളുകളിലെ വലിയ പോരാട്ടങ്ങൾക്കായി സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്നതാണ് സിപിഐഎമ്മിന്റെ ദീർഘകാല നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള വരികൾക്ക് വർഗീയ ചുവയുണ്ടെന്നാണ് പാർട്ടി വിലയിരുത്തുന്നതെന്നും, മതനിരപേക്ഷത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.