ഉത്തർപ്രദേശിലെ നാല് സർക്കാർ മെഡിക്കൽ കോളേജുകളിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കായി നിലവിലുണ്ടായിരുന്ന 70 ശതമാനം സംവരണം പുനഃസ്ഥാപിക്കാൻ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം ലോക്സഭാ നേതാവ് കെ. രാധാകൃഷ്ണൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

അംബേദ്കർ നഗർ, കനൗജ്, ജലൗൺ, സഹാറൻപൂർ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളുടെ പ്രത്യേക സംവരണ പദവി റദ്ദാക്കിയ സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചാണ് അദ്ദേഹം കത്തയച്ചത്. സ്‌പെഷ്യൽ കോമ്പോണന്റ് പ്ലാൻ (എസ്‌സിപി), ട്രൈബൽ സബ് പ്ലാൻ (ടിഎസ്‌പി) പദ്ധതികളുടെ ഭാഗമായി പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് മെഡിക്കൽ വിദ്യാഭ്യാസം ഉറപ്പാക്കാനാണ് ഈ കോളേജുകൾ സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

70 ശതമാനം സംവരണം പിൻവലിക്കുന്നത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എസ്‌സി/എസ്‌ടി വിദ്യാർഥികളുടെ അവസരങ്ങൾ സംരക്ഷിക്കാൻ കേരളം സ്വീകരിച്ച നിയമനടപടികളെ മാതൃകയാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് സംവരണം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.