മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ലഹരിക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ചന്തേര ഇൻസ്പെക്ടർ എം.വി. ഷിജുവിനെയാണ് സ്ഥലംമാറ്റിയത്. ചന്തേര എസ്.ഐ. വിഷ്ണു എസ്. നായർക്കാണ് അന്വേഷണ ചുമതല കൈമാറിയത്.

ശനിയാഴ്ച രാത്രിയോടെയാണ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാത്തതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റം ശ്രദ്ധേയമായത്.

കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി തിങ്കളാഴ്ച ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് പുതിയ നടപടി. അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് ഉദ്യോഗസ്ഥനെ മാറ്റിയതെന്നതിനാൽ വിഷയത്തിൽ രാഷ്ട്രീയ വിവാദവും ശക്തമാകുകയാണ്.