ത്രിപുര മുൻ ഡിജിപി അനുരാഗിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ സിപിഎം അംഗങ്ങളുടെ പ്രതിഷേധം. വെള്ളിയാഴ്ച സഭാ സമ്മേളനത്തിനിടെയാണ് പ്രതിപക്ഷ എംഎൽഎമാർ വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സ്പീക്കർ രാംപദ ജമാതിയ ചരമപ്രമേയം അവതരിപ്പിച്ചു കൊണ്ടിരിക്കെ പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി അനുരാഗിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുഖ്യമന്ത്രി മണിക് സാഹ സഭയിൽ നടത്തിയ പ്രസ്താവന പരാമർശിച്ച അദ്ദേഹം, ഡിജിപി പദവി വഹിച്ചിരുന്ന വ്യക്തിയുടെ മരണം അതീവ ഗൗരവമുള്ള വിഷയമാണെന്നും അതിന്റെ സാഹചര്യങ്ങൾ സുതാര്യമായി അന്വേഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ടു.
അനുരാഗിന്റെ മരണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുകയോ, അന്വേഷണം ത്രിപുര ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്ക് കൈമാറുകയോ ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാൽ നിയമസഭാ ചട്ടം 361 പ്രകാരം മുഖ്യമന്ത്രിയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക ചർച്ച അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
സ്പീക്കറുടെ തീരുമാനം വന്നതോടെ പ്രതിപക്ഷ അംഗങ്ങളുടെ മൈക്രോഫോണുകൾ ഓഫ് ചെയ്യുകയും, തുടർന്ന് സിപിഎം എംഎൽഎമാർ ഇരിപ്പിടങ്ങൾ വിട്ട് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഡിജിപിയുടെ അസ്വാഭാവിക മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അവർ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സഭയിൽ അവതരിപ്പിച്ച നടപടിയെ മുഖ്യമന്ത്രി മണിക് സാഹ ന്യായീകരിച്ചു. പൊതുതാൽപര്യവും സുതാര്യതയും മുൻനിർത്തിയാണ് ഇക്കാര്യം സഭയെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ലഭ്യമായ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം അനുരാഗിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകളിൽ ഉൾപ്പെട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യമായ ഘട്ടത്തിൽ സഭയിൽ സമർപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി വെളിപ്പെടുത്താൻ കഴിയുന്ന വിവരങ്ങൾ സഭയെ അറിയിക്കാൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അധികാരമുണ്ടെന്നും സാഹ കൂട്ടിച്ചേർത്തു.
എന്നാൽ സർക്കാരിന്റെ വിശദീകരണത്തിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയ സിപിഎം, അനുരാഗിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ എസ്‌ഐടി അന്വേഷണം അല്ലെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്ന നിലപാട് ആവർത്തിച്ചു.
