സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾ അനിശ്ചിതമായി നീളുന്നതിൽ യുഡിഎഫിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. മുന്നണിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും അർഹമായ പദവികൾ ലഭിക്കാത്തതിൽ കടുത്ത അസംതൃപ്തിയാണ് ഉയരുന്നത്.
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാക്കളായ ദീപ്തി മേരി വർഗീസിന്റെയും ആയിഷ പോറ്റിയുടെയും പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിൽ അവസാനഘട്ടം വരെ പരിഗണിക്കപ്പെട്ടെങ്കിലും സീറ്റ് ലഭിക്കാതെ പോയ നേതാവാണ് ദീപ്തി മേരി വർഗീസ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ എത്തിയ ആയിഷ പോറ്റിയും മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
വനിതാ കമ്മീഷൻ, യുവജനക്ഷേമ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിലും അന്തിമ തീരുമാനമാകാത്തത് യുഡിഎഫിനുള്ളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. കാസർകോട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഓർഗനൈസേഷൻ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ്, റിയാസ് മുക്കോളി, വിജയ് ഇന്ദുചൂഡൻ, ജെ.എസ്. അഖിൽ എന്നിവരുടെ പേരുകളാണ് വിവിധ പദവികളിലേക്ക് പരിഗണനയിലുള്ളതെന്നാണ് സൂചന.
