നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. ദുരന്തത്തിൽ ഇനിയും 310 വിദേശികളെയാണ് കണ്ടെത്താനുള്ളത്. ഇതിൽ 49 പേർ ഇന്ത്യക്കാരാണെന്നാണ് ഔദ്യോഗിക കണക്ക്. ദുരിതബാധിതർക്കുള്ള സഹായസാമഗ്രികളുമായി ന്യൂഡൽഹിയിൽ നിന്ന് നാലാമത്തെ പ്രത്യേക വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടു.

അതേസമയം, നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയിരുന്ന 38 അംഗ മലയാളി സംഘത്തിലെ 31 പേർ ഞായറാഴ്ച പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ശനിയാഴ്ച നേപ്പാളിൽ കുടുങ്ങിയിരുന്ന 16 മലയാളികൾ സുരക്ഷിതരായി നാട്ടിലെത്തിയിരുന്നു.

മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബിഹാറിലും കനത്ത ജാഗ്രത തുടരുകയാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നിന്നായി ഇതിനകം 5,600 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, സീതാമർഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പട്നയിൽ ഗംഗാനദിയിലെ ജലനിരപ്പ് ചില ഭാഗങ്ങളിൽ അപകടനിലയ്ക്ക് മുകളിലെത്തിയതായി അധികൃതർ അറിയിച്ചു. ദുരിതബാധിതർക്കായി താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി 2,327 പ്ലാസ്റ്റിക് ഷീറ്റുകൾ വിതരണം ചെയ്തു. ഏഴ് കമ്മ്യൂണിറ്റി അടുക്കളകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എട്ട് എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും നദികളുടെ ജലനിരപ്പ് നിരീക്ഷിക്കാൻ ഓരോ മൂന്ന് കിലോമീറ്ററിലും ഹോംഗാർഡുമാരെയും എഞ്ചിനീയർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.