ബിജെപി നേതാവും മാധ്യമ വ്യവസായിയുമായ സുഭാഷ് ചന്ദ്രയ്ക്ക് കേന്ദ്ര സർക്കാർ പ്രത്യേക പരിഗണന നൽകുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,000 കോടി രൂപയുടെ ബാധ്യത കേന്ദ്രം എഴുതി തള്ളിയെന്നും, അദ്ദേഹത്തിന് രാജ്യം വിടാൻ അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുകയാണെന്നുമാണ് പിണറായി വിജയന്റെ വിമർശനം.

തളിപ്പറമ്പ് മയ്യിലിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

സംസ്ഥാന സർക്കാരിന്റെ ചില നടപടികൾ ആർഎസ്എസ് പ്രീണന നയത്തിന്റെ ഭാഗമാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചതിനെ വിമർശിച്ച അദ്ദേഹം, അത് ആർഎസ്എസ് വിധേയത്വത്തിന്റെ പ്രകടനമാണെന്ന് ആരോപിച്ചു. വഖഫ് ബോർഡ് പുനഃസംഘടനയിലും സമാന സമീപനമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തെ ലഘൂകരിച്ച് കാണുന്നില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. എൽഡിഎഫിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു തളിപ്പറമ്പെന്നും, പ്രതികൂല സാഹചര്യങ്ങളിലുപോലും മുന്നണിക്കൊപ്പം നിൽക്കുന്ന ഒരു വിഭാഗം വോട്ടർമാർ ഇത്തവണ പിന്തുണ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എൽഡിഎഫിനെതിരെ വോട്ട് ചെയ്തവർ പാർട്ടി തകരണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും, ചില രാഷ്ട്രീയ സാഹചര്യങ്ങളാണ് ആ തീരുമാനത്തിലേക്ക് അവരെ നയിച്ചതെന്നും അദ്ദേഹം വിലയിരുത്തി. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ടി.കെ. ഗോവിന്ദനെ “അവസരവാദി” എന്ന് വിശേഷിപ്പിച്ച പിണറായി, അദ്ദേഹത്തെ പിന്തുണച്ചതിൽ പലരും ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകാമെന്നും പറഞ്ഞു.

തളിപ്പറമ്പിലെ പരാജയം ഗൗരവമായി പരിശോധിക്കപ്പെടുന്നുണ്ടെങ്കിലും പാർട്ടിയെ പരാജയപ്പെടുത്തുന്ന തരത്തിലുള്ള വീഴ്ച സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.