ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാൽമീകി സമുദായാംഗമായ അമിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 196, 299 വകുപ്പുകൾക്കും എസ്.സി/എസ്.ടി അതിക്രമങ്ങൾ തടയുന്ന നിയമത്തിലെ പ്രസക്ത വകുപ്പുകൾക്കും കീഴിലാണ് എഫ്‌ഐആർ എടുത്തിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 29-ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഹൽദ്വാനിയിലെ സംഭവത്തെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരം. മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ നടന്ന ശുദ്ധീകരണ ചടങ്ങിനെ ജാതീയമായ രീതിയിൽ വ്യാഖ്യാനിക്കുകയും അതുവഴി മത-സാമൂഹിക വൈരാഗ്യം വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
ചടങ്ങിനെ അയിത്തമാചരണമായും പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമമായും ചിത്രീകരിച്ച് സമൂഹത്തിൽ ശത്രുതയും വിഭജനവും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് പരാതിക്കാരന്റെ വാദം. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് കേസെന്ന് ആരോപിച്ച പാർട്ടി നേതാക്കൾ, ഇത്തരം നടപടികളിലൂടെ പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദരാക്കാനാവില്ലെന്ന് പ്രതികരിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പരാതി നൽകി പ്രതിഷേധം ശക്തമാക്കുമെന്നും കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.
