കാസർകോട് എംഡിഎംഎ കേസിൽ മുഖ്യമന്ത്രിയുടെ അടുപ്പക്കാർ പ്രതികളാണെന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയില്ലെന്ന വിമർശനം ശക്തമാകുന്നു. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്നാണ് ആരോപണം.

തന്നെതിരെ ഉയരുന്ന ആരോപണങ്ങൾ വളച്ചൊടിച്ച് തള്ളിക്കളയുകയാണ് മുഖ്യമന്ത്രിയുടെ പതിവ് നിലപാടെന്നും, അതേ സമീപനമാണ് ഈ വാർത്താസമ്മേളനത്തിലും പ്രകടമായതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

വിവാദങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, പരിപാടിയുടെ സംഘാടകൻ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന് അറിഞ്ഞതിനെ തുടർന്ന് ചടങ്ങിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അതേസമയം, കാസർകോട് എംഡിഎംഎ കേസിൽ അറസ്റ്റിലായ നാല് പേരും കോൺഗ്രസിന്റെ സജീവ പ്രവർത്തകരും മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളുമാണെന്നാണ് ആരോപണം. പ്രതികളിൽ ചിലർ യൂത്ത് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളാണെന്ന് എറണാകുളം ജില്ലാ നേതൃത്വവും സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളുണ്ട്.

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ അറക്കപ്പടി മണ്ഡലം കമ്മിറ്റിക്ക് കീഴിലുള്ള വലിയകുളം യൂണിറ്റ് ഭാരവാഹിയായ ഹുസൈൻ കെ.എച്ച്. കേസിലെ പ്രതികളിലൊരാളാണ്. ഇയാൾ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം.

പ്രതിപക്ഷ നേതാവായിരുന്ന കാലഘട്ടത്തിലും വി.ഡി. സതീശന്റെ സാമൂഹിക മാധ്യമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഹുസൈനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് ഹുസൈൻ നേരത്തെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ വ്യാപക ചർച്ചയായിട്ടുണ്ട്.