പിണറായിയിലെ തന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് ജീപ്പിനെ ചൊല്ലി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീടിന് മുന്നിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങളും വ്യക്തികളും ചേർന്ന് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

വീടിന് മുന്നിൽ പൊലീസ് ഔട്ട്‌പോസ്റ്റ് ഏർപ്പെടുത്തിയത് പൊലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായിരുന്നുവെന്നും, തന്റെ വീടിന് മുന്നിൽ ഒരിക്കലും പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് വാഹനം പിന്നീട് ഗതാഗതയോഗ്യമല്ലാതായതിനെ തുടർന്ന് അവിടെ തന്നെ കിടക്കുകയായിരുന്നുവെന്നും, അത് മാറ്റി അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ഒഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും വാഹനം മാറ്റാത്തതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നും, വീടിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പിണറായിയുടെ വീടിന് മുന്നിലെ ജീപ്പ് സ്റ്റേഷൻ’ എന്ന തലക്കെട്ടിൽ വന്ന വാർത്തയെ വിമർശിച്ച അദ്ദേഹം, ഇത്തരം വാർത്തകൾ തനിക്കെതിരെ ബോധപൂർവം സൃഷ്ടിക്കുന്ന പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു. വാർത്തയ്ക്കും അതിനെ പിന്തുണച്ച പ്രതികരണങ്ങൾക്കും അർഹിക്കുന്ന അവജ്ഞ മാത്രമാണ് നൽകേണ്ടതെന്നും പിണറായി വിജയൻ കുറിച്ചു.