പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . മാധ്യമങ്ങളിലൂടെ വാർത്തകൾ സൃഷ്ടിച്ച് ആരോപണങ്ങൾ പിണറായി വിജയനിലേക്ക് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും ഡിജിപിക്ക് അയച്ച കത്ത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് ഇ.ഡി മറുപടി നൽകുന്നില്ലെന്നും നിലവിലെ നീക്കം രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സിഎംആർഎൽ ഡയറിയിൽ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നുവെന്നും, രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന പൊലീസിനാണ് ഇപ്പോൾ ഇ.ഡി കത്ത് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വീണ വിജയൻ കൃത്യമായി നികുതി അടച്ചാണ് പണം സ്വീകരിച്ചതെന്നും ആകെ തുകയിൽ വളരെ ചുരുങ്ങിയ തുക മാത്രമാണ് വീണയ്ക്ക് ലഭിച്ചതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എന്നാൽ ബാക്കി തുക കൈപ്പറ്റിയവർക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സിഎംആർഎൽ എക്സാലോജിക്കിന് പണം നൽകിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎല്ലിന് യാതൊരു സഹായവും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന് സ്വന്തമായി ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മാത്യു കുഴൽനാടനും ഷോൺ ജോർജും ഉന്നയിച്ച ആരോപണങ്ങൾ ഹൈക്കോടതിയും സുപ്രീം കോടതിയും വിജിലൻസും തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

നേരിട്ട് കോടതിയെ സമീപിച്ചാൽ കേസ് തള്ളപ്പെടുമെന്ന ഭയത്താലാണ് ഇ.ഡി ഇപ്പോൾ സർക്കാരിനെ സമീപിക്കുന്നതെന്നും യുഡിഎഫ് രാഷ്ട്രീയ പകപോക്കലിന് തയ്യാറാകുമെന്ന കണക്കുകൂട്ടലിലാണ് ഈ വഴിയിലൂടെ നീങ്ങുന്നതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിലടച്ചതെന്നും ആദ്യം ലക്ഷ്യം പ്രഖ്യാപിക്കുകയും പിന്നീട് അതിനനുസരിച്ച് അന്വേഷണം നടത്തുകയുമാണ് ഇ.ഡിയുടെ രീതിയെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിനെതിരെ കേന്ദ്രത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് കേരളത്തിലും ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.