സി.എം.ആർ.എൽ സാമ്പത്തിക ക്രമക്കേട് കേസിൽ എൽ.ഡി.എഫ് നേതാക്കൾക്ക് പുറമെ പ്രമുഖ യു.ഡി.എഫ് നേതാക്കളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നതായി റിപ്പോർട്ട്. കമ്പനിയുടെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ. സുരേഷ് കുമാർ 2024 ഏപ്രിലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് തുടങ്ങിയ നേതാക്കളുടെ പേരുകൾ പരാമർശിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

സി.എം.ആർ.എൽ ഓഫീസിൽ നിന്ന് കണ്ടെത്തിയ രേഖകളിലെ ഒ.സി, ആർ.സി, കെ.കെ, ഐ.കെ എന്നീ ചുരുക്കപ്പേരുകൾ ആരെയെല്ലാമാണ് സൂചിപ്പിക്കുന്നതെന്ന് സുരേഷ് കുമാർ ഇ.ഡിക്ക് വിശദീകരിച്ചതായും വിവരമുണ്ട്. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പാകെ നൽകിയ മൊഴി തന്നെയാണ് ഇ.ഡിക്ക് മുന്നിലും ആവർത്തിച്ചതെന്നാണ് സൂചന.

കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് വിവിധ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതെന്നുമാണ് സുരേഷ് കുമാറിന്റെ മൊഴിയിൽ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായിരുന്ന കാലത്ത് പാർട്ടി ഫണ്ടെന്ന നിലയിലാണ് തുക സ്വീകരിച്ചതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

മറുവശത്ത്, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുടെ പേരുകളാണ് ഉൾപ്പെടുത്തിയിരുന്നത്. യുഡിഎഫ് നേതാക്കളുടെ പേരുകൾ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. ഇതോടെ സി.എം.ആർ.എൽ കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമാകുകയാണ്.