സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണവും അപ്രഖ്യാപിത പവർകട്ടും രാഷ്ട്രീയ വിവാദമാകുന്നതിനിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ കോൺഗ്രസ് അനുകൂല സമൂഹമാധ്യമ പ്രൊഫൈലുകളിലും രൂക്ഷ വിമർശനം. പ്രതിപക്ഷം വിഷയം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് ഭരണപക്ഷ അനുകൂല സൈബർ ഇടങ്ങളിലും മന്ത്രിയുടെ ഇടപെടലുകളെ ചോദ്യം ചെയ്തുള്ള പ്രതികരണങ്ങൾ ശക്തമാകുന്നത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നിൽ പ്രായോഗിക പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിന് പകരം സാങ്കേതിക വിശദീകരണങ്ങൾ മാത്രം നൽകുന്നത് മതിയാകില്ലെന്നാണ് കോൺഗ്രസ് അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളിലെ വിമർശനം. പ്രതിസന്ധിക്ക് കാരണമായ സാഹചര്യങ്ങൾ നേരത്തെ തന്നെ ജനങ്ങളോട് വിശദീകരിക്കേണ്ടിയിരുന്നുവെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

സി.പി.എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വൈദ്യുതി നിയന്ത്രണത്തെ ‘ഇന്ദിര കട്ട്’, ‘പ്രിയദർശിനി കട്ട്’ തുടങ്ങിയ പരിഹാസപ്രയോഗങ്ങളിലൂടെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനിടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും വിമർശനം ഉയരുന്നത്. വൈദ്യുതി ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ വിശദീകരണങ്ങളേക്കാൾ അടിയന്തര പരിഹാരമാണ് ആവശ്യമെന്നും സമൂഹമാധ്യമ കുറിപ്പുകളിൽ പറയുന്നു.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ വൈദ്യുതി കരാറുകളും നിലവിലെ പ്രതിസന്ധിക്ക് കാരണമാണെന്ന വാദം കോൺഗ്രസ് അനുകൂല സമൂഹമാധ്യമ ഇടങ്ങളിൽ ഉയരുന്നുണ്ട്. ഉൽപ്പാദനം കുറയുകയും കരാർ ബാധ്യതകൾ നിറവേറ്റുന്നതിനായി വൈദ്യുതി തിരിച്ചുനൽകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്താൽ നിയന്ത്രണം അനിവാര്യമാകുമെന്നാണ് ഇവരുടെ വാദം.

എന്നാൽ, ഈ സാഹചര്യം ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ ജനങ്ങളെ വ്യക്തമായി അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ചില കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നു. മുൻ സർക്കാരിന്റെ കാലത്തെ തീരുമാനങ്ങൾ ചൂണ്ടിക്കാട്ടുന്നതിനൊപ്പം നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൂടുതൽ ഫലപ്രദമായ ഇടപെടൽ നടത്തേണ്ടതായിരുന്നുവെന്നാണ് വിമർശനം.

അതേസമയം, വൈദ്യുതി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുകയാണ്. ഭരണപക്ഷത്തോട് ചേർന്നുനിൽക്കുന്ന സമൂഹമാധ്യമ ഇടങ്ങളിൽ നിന്നുതന്നെ മന്ത്രിക്കെതിരെ വിമർശനം ഉയരുന്നത് സർക്കാരിന് പുതിയ രാഷ്ട്രീയ വെല്ലുവിളിയാകുമോ എന്ന ചർച്ചയും സജീവമാണ്.