ഏകീകൃത സിവിൽ കോഡ് (യു.സി.സി) സംസ്ഥാനങ്ങൾ വഴി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. രാജ്യവ്യാപകമായി ഒറ്റ നിയമം നടപ്പാക്കാനുള്ള നീക്കത്തിന് പിന്നിൽ ബിജെപിയുടെ പുതിയ രാഷ്ട്രീയ തന്ത്രമാണെന്ന് പ്രതിപക്ഷവും വിമർശകരും ആരോപിക്കുന്നു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മറ്റ് പ്രദേശങ്ങളിലെയും ഗോത്രവർഗ സമൂഹങ്ങളുടെ ആചാരങ്ങളും പ്രത്യേക നിയമപരമായ അവകാശങ്ങളും ബാധിക്കാതെ, സംസ്ഥാനങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത ഭേദഗതികളോടെ യു.സി.സി നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് വിമർശനം.

സംസ്ഥാന നിയമസഭകൾ വഴി നിയമം കൊണ്ടുവരുന്നതിലൂടെ പാർലമെന്റിനകത്തും പുറത്തും ഉയരാനിടയുള്ള വ്യാപക പ്രതിഷേധങ്ങളും രാഷ്ട്രീയ പ്രതിരോധവും ഒഴിവാക്കാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ നിയമങ്ങൾ പോലെ ഏകീകൃത സിവിൽ കോഡ് രാജ്യവ്യാപകമായി ലളിതമായി കോഡിഫൈ ചെയ്യുക പ്രായോഗികമായി ബുദ്ധിമുട്ടാണെന്ന വിലയിരുത്തലും ഈ തന്ത്രപരമായ മാറ്റത്തിന് കാരണമായതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

നിലവിൽ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ യു.സി.സിയുമായി ബന്ധപ്പെട്ട നിയമനിർമാണ നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഉത്തരാഖണ്ഡിലാണ് നിയമം പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

യു.സി.സി വിഷയത്തിൽ സംസ്ഥാന കേന്ദ്രീകൃത സമീപനം സ്വീകരിക്കുന്നതിലൂടെ ദേശീയ തലത്തിലെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും സംസ്ഥാനങ്ങൾക്കനുസരിച്ചുള്ള മാതൃകകൾ അവതരിപ്പിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന വിലയിരുത്തലും ശക്തമാണ്. അതേസമയം, വ്യക്തിനിയമങ്ങൾക്കും മത-സാംസ്കാരിക വൈവിധ്യങ്ങൾക്കും മേലുള്ള ഇടപെടലായി യു.സി.സിയെ കാണുന്ന വിഭാഗങ്ങൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.