രാജ്യത്തെ ഭരണനിർവഹണ രംഗത്ത് 20 കോടി ജനങ്ങൾക്ക് പ്രാതിനിധ്യമില്ലാത്ത സാഹചര്യമാണുള്ളതെങ്കിൽ പിന്നെന്താണ് ജനാധിപത്യമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. ചോദിച്ചു. കോഴിക്കോട് ഖാസി ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘ഇന്ത്യൻ ജനാധിപത്യവും മതന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തിലുള്ള സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് ന്യൂനപക്ഷങ്ങൾ ഏറ്റവും സുരക്ഷിതമായി കഴിയുന്ന സ്ഥലമാണ് കേരളമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. പൗരന്മാർക്ക് ജീവൻ നൽകാനും സംരക്ഷിക്കാനും ഭരണഘടന ഏൽപ്പിച്ച വ്യക്തി തന്നെ ദൈവങ്ങൾക്ക് പ്രാണൻ നൽകാൻ പോകുന്ന സാഹചര്യമുണ്ടാകുമ്പോൾ അവിടെ ഭരണഘടന അസ്തമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലടക്കം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ദൈവങ്ങൾക്ക് പ്രാണൻ നൽകാൻ പ്രധാനമന്ത്രി പോകുന്നിടത്ത് ജനാധിപത്യം ഒരു ചോദ്യചിഹ്നമായി മാറുകയാണെന്നും ജോൺ ബ്രിട്ടാസ് എം.പി. ആരോപിച്ചു.
ഖാസി ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. ഡോ. കെ. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ഡോ. ഫസൽ ഗഫൂർ മോഡറേറ്ററായി.
എഴുത്തുകാരൻ കെ.പി. രാമനുണ്ണി, മുതിർന്ന മാധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്, ഡോ. ഹുസൈൻ മടവൂർ എന്നിവർ സെമിനാറിൽ സംസാരിച്ചു.
