സെക്രട്ടേറിയറ്റിന് മുന്നിൽ എട്ടാം ദിവസവും നിരാഹാരസമരം തുടരുന്ന സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി. നടി മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്നത് തരംതാണ കോപ്രായങ്ങളാണെന്നും അത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
മഞ്ജു വാര്യരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന നടപടികൾക്കെതിരെ ശക്തമായ സാമൂഹിക പ്രതിരോധം ഉയരേണ്ടതുണ്ടെന്ന് ശിവൻകുട്ടി പറഞ്ഞു. ജീവിതവും നിലപാടുകളും സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിൽ ഇടപെടാനോ വ്യാജ ആരോപണങ്ങളിലൂടെ നീതിയെ ചോദ്യം ചെയ്യാനോ ആർക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടുകഥകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മഞ്ജു വാര്യരുടെ വർഷങ്ങളായുള്ള കഠിനാധ്വാനവും പൊതുസ്വീകാര്യതയും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപിച്ച ശിവൻകുട്ടി, ഇത് വ്യക്തിഹത്യയ്ക്കും മാനസിക പീഡനത്തിനും തുല്യമാണെന്നും അഭിപ്രായപ്പെട്ടു. കലാകാരിയുടെ ആത്മാഭിമാനത്തിനെതിരായ ഇത്തരം നീക്കങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒന്നിക്കണമെന്നും സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഞ്ജു വാര്യർ തടവിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്. തന്റെ ആവശ്യങ്ങളിൽ സർക്കാർ സംവിധാനങ്ങളോ നിയമസംവിധാനങ്ങളോ നടപടി സ്വീകരിക്കാത്തതിനാലാണ് സമരമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ താൻ നേടിയ പുരസ്കാരങ്ങൾ അരികിൽ വെച്ചാണ് സമരം തുടരുന്നത്.
ഇതിനിടെ, സനൽ കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ കോടതിയെ സമീപിച്ച് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിലെ ഒപ്പ് മഞ്ജുവിന്റേതല്ലെന്നാണ് സംവിധായകന്റെ പ്രതികരണം.
സമരത്തെ പരിഹസിച്ച് മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യരും നേരത്തെ രംഗത്തെത്തിയിരുന്നു. മഞ്ജുവിനൊപ്പമുള്ള കുടുംബചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പ്രതികരണം. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യർക്കെതിരായ ആരോപണങ്ങളെയും സനൽ കുമാർ ശശിധരന്റെ സമരത്തെയും വിമർശിച്ച് വി. ശിവൻകുട്ടിയും പരസ്യ പ്രതികരണം നടത്തിയത്.
