മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചാർട്ടേഡ് വിമാനയാത്രയെച്ചെ ചൊല്ലി പ്രതിപക്ഷം സർക്കാരിനെതിരെ ആരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരുടേത് ഇരിക്കുന്ന സ്ഥാനം മറന്നുള്ള പ്രസ്താവനകളാണെന്നും, ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർമാരെക്കുറിച്ച് മുഖ്യമന്ത്രി വിവരങ്ങൾ മറച്ചുവെക്കുന്നുവെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ പി. രാജീവ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം ദുരൂഹമാണെന്നും മംഗലപുരം യാത്ര ആര് സ്പോൺസർ ചെയ്തു എന്നതും ഇതുവരെ വ്യക്തമാക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ജനങ്ങളുടെ സർക്കാരായിട്ടല്ല, മറിച്ച് മുതലാളിമാരുടെ സർക്കാരായിട്ടാണ് പ്രവർത്തിക്കുന്നത്. നാട്ടുകാർ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങൾ ആസ്വദിക്കുന്ന നീറോ ചക്രവർത്തിമാരെയാണ് കേരളത്തിൽ കാണാൻ കഴിയുന്നത്.
സണ്ണി ജോസഫിന്റെ പ്രസ്താവനകൾ മന്ത്രിയുടെ പക്വതയിലേക്ക് എത്തിയിട്ടില്ലെന്നതിന്റെ തെളിവാണ്. സ്പോൺസർമാരുടെ ചെലവിലാണ് യാത്രയെന്നതിനാൽ സർക്കാരിന് നഷ്ടമില്ലെന്ന വാദം തികച്ചും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർക്ക് സൗജന്യങ്ങൾ നൽകാൻ നിരവധി ആളുകൾ മുന്നോട്ടുവരുമെങ്കിലും, അത്തരം സമ്മർദ്ദങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഭരണാധികാരികൾ വിധേയരാകാതിരിക്കാനാണ് ഔദ്യോഗിക ചെലവുകൾ സർക്കാർ തന്നെ വഹിക്കേണ്ടത് എന്ന് മുൻ വ്യവസായ വകുപ്പ് മന്ത്രി കൂടിയായ പി. രാജീവ് ഓർമ്മിപ്പിച്ചു.
